താമരശ്ശേരി: പാതയോര തട്ടുകടകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി പരാതി.
താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ ലക്കിടി വരെയുള്ള ഏതാണ്ട് 30 കിലോമീറ്റർ ദൂരത്തിൽ മാത്രം ഏതാണ്ട് 70 ഓളം അനധികൃത തട്ടുകടകളാണ് പ്രവർത്തിക്കുന്നത്.
ഇതിൽ ചിലയിടങ്ങളിൽ അസാധാരണമായ തിരക്കാണ്, ഇവിടങ്ങളിൽ ആളുകൾ എത്തുന്നത് പത്തും, മുപ്പതും കിലോമീറ്റർ ദൂരത്തു നിന്നുമാണ്.ഇവർ എന്തിനു വരുന്നു എന്നുള്ളതിനെ കുറിച്ച് വിശദമായ പരിശോധന ഇതുവരെ നടന്നിട്ടില്ല.
പുല്ലാഞ്ഞിമേട് ചകരിമില്ലിന് സമീപം റോഡരികിൽ കെട്ടിയ ഷെഡിനകത്ത് അർദ്ധരാത്രികളിലും ഇരുട്ടത്ത് യുവാക്കൾ തമ്പടിച്ചിരിക്കുന്നത് നിത്യ കാഴ്ചയാണ്.
ഓരോ സ്ഥലങ്ങൾ പരിശോധിച്ചാലും ഇവിടങ്ങളിൽ പതിവു സന്ദർശകരെ കാണാം.
ലഹരി വിൽപ്പന - ഉപയോഗ സംഘങ്ങൾ കേന്ദ്രീകരിക്കുന്നത് ഇത്തരം സ്ഥലങ്ങളിലാണ്.
നാട്ടിൽ നിന്നും ലഹരി മാഫിയകളെ അമർച്ച ചെയ്യാൻ ആദ്യം ചെയ്യേണ്ടത് രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകൾ പൂട്ടുക എന്നതാണ് ,പല സ്ഥലങ്ങളിലുമുള്ള കടകൾ ലഹരി വിൽപ്പന കേന്ദ്രങ്ങളാണ് എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലയെന്നാണ് ലഹരി വിരുദ്ധ പ്രവർത്തകർ ചോദിക്കുന്നത്.
ഇടക്കാലത്ത് ദേശീയ പാത അധികൃതർ അനധികൃത കടകൾ പൊളിച്ചുമാറ്റിയിരുന്നെങ്കിലും വീണ്ടും വ്യാപകമായി കെട്ടിപ്പൊക്കുകയായിരുന്നു.