Trending

ഇന്നത്തെ Full A+ ഉം അന്നത്തെ 210 ഉം...



"SSLC യ്ക്ക് 100% വിജയം നേടിയ സ്‌കൂളുകളെയും, മുഴുവൻ A+ നേടിയ മക്കളെയും ഓർത്തു നമ്മൾ ഇന്ന് അഭിമാനിക്കുന്നു, സന്തോഷിക്കുന്നു..

പക്ഷേ, നാല്പതോ നാൽപ്പത്തഞ്ചോ വർഷങ്ങൾക്ക് മുൻപ്, നമ്മൾ നേടിയ 210മാർക്കിന്റെ ജസ്റ്റ് പാസ്
( ഇനി പരാജയം ആയിക്കോട്ടെ അതിൽ 209ഉം ഉണ്ടാകും ) ഇതിനെല്ലാം മുകളിലാണ്.

അന്നത്തെ നമ്മുടെ അവസ്ഥകൾ ഒന്നോർത്തു നോക്കിയിട്ടുണ്ടോ???..

എഴും, എട്ടും കിലോമീറ്റർ ദൂരം നടന്നു പഠിച്ചത്.,,
പശുവിനെ കെട്ടലും, ചാണകം വാരലും,,,
കശുവണ്ടി പെറുക്കലും,,,
റബർ പാലെടുക്കലും,,
, വെള്ളം ചുമടും,,,
പറമ്പിലെ പണികളും...
അങ്ങനെ നൂറു കൂട്ടം പണികൾ..

എന്നിട്ടോ..?
കഴിക്കാൻ നല്ല ഭക്ഷണമില്ല...
കറന്റ്‌,,,, വാഹനം, നല്ല ഡ്രസ്സ്‌ ഒന്നുമില്ല.
ഇന്റർ നെറ്റ്, പോയിട്ട് ഒരു ലാൻഡ് ഫോൺ പോലുമില്ല...
ഒരു സംശയം ചോദിക്കാനോ,
ഒരു കാര്യം സത്യമാണോ എന്ന് ഉറപ്പിക്കാനോ പോലും, അറിവുള്ളവരായി, ആരുമില്ല.
(ചുരുക്കം ചില അദ്ധ്യാപകർ ഒഴികെ.അവരോടും ഭയപ്പാടോടെ മാത്രം ചോദിക്കുന്നതും )

അരണ്ട വെളിച്ചമുള്ള ,പുക നിറഞ്ഞ മണ്ണെണ്ണ വിളക്കിന്റെ അരികിൽ ചാണകം മെഴുകിയ നിലത്തു ചമ്രം പടിഞ്ഞിരുന്നാണ് പഠിച്ചത്.
(ചില മാസങ്ങളിൽ മണ്ണെണ്ണ വാങ്ങിക്കാൻ പൈസ ഇല്ലെങ്കിൽ രാത്രി പഠനം പോലും ഉണ്ടാവാറില്ല.)
പിന്നെ പഠിക്കാനുള്ള ആഗ്രഹം ഉണ്ടെങ്കിലും..
സങ്കടപ്പെട്ടും കരഞ്ഞും, ചോർന്നൊലിക്കുന്ന, ഓലയോ, പുല്ലോ മേഞ്ഞ വീട്ടിൽ,
തഴപ്പായയിൽ, മുഷിഞ്ഞു കീറിയ പുതപ്പോ ചണച്ചാക്കോ പുതച്ചുള്ള കിടപ്പ്...
രാവിലെ എഴുന്നേറ്റ് പശു,, ആട് ഇവയെ പറമ്പിൽ കൊണ്ടു പോയി കെട്ടണം. പിന്നെ പഴംകഞ്ഞിയോ,, ചക്കകുരു പുഴുങ്ങിയതൊ,,,,
വാട്ടു കപ്പപ്പുഴുക്കും (ഉണക്ക കപ്പ) ഉണക്കമീൻകറിയും കഴിച്ച് ഉച്ചക്കത്തേക്കുള്ള റേഷനരി ചോറും ചമ്മന്തിയും പൊതിഞ്ഞെടുത്ത് സ്കൂളിലേക്ക് ... (നമ്മളിൽ പലർക്കും ഇതുപോലുമില്ലായിരുന്നു എന്നതും സത്യം..)
അന്ന് സ്കൂളിൽ നിന്നും കിട്ടുന്ന ഉപ്പുമാവിനെ അമൃതായി
കരുതിയവർ ആയിരുന്നു നമ്മളിൽ പലരും..!

നാലു മണിയ്‌ക്ക് സ്കൂൾ വിട്ടു വീട്ടിലേക്ക് ഓടി വരുമ്പോൾ, പലഹാരം എന്തെങ്കിലും കഴിക്കാൻ ഉണ്ടാവുക മോ എന്നോർത്തു വെറുതെ ടെൻഷൻ അടിച്ചവർ...
വീട്ടിൽ ചെല്ലുമ്പോൾ ചിലപ്പോൾ രാവിലെ തന്നു വിട്ട, അതേ സാധനം തന്നെ മിച്ചം ഉണ്ടാകും
ചിലപ്പോൾ അതുമുണ്ടാവില്ല.. 
ഒരു ഗ്ലാസ്‌ കട്ടൻ കാപ്പിയും ഒരു കഷ്ണം വെല്ലവും (ശർക്കര )

പിന്നെ സീസൺ ആണെങ്കിൽ ഭാഗ്യം. പഴുത്ത മാങ്ങാ
 കശുമാങ്ങ പഴം, 
ചക്ക, ചേമ്പ്, ചേന, 
കപ്പ കാന്താരി മുളക് അരച്ചതും. ചിലപ്പോൾ ഒരു കഷണം ഉണക്ക മീനും..

ഇത്തിരി ഇറച്ചിയ്ക്കും, പച്ചമീനിനും 
വേണ്ടി..
(വിരുന്നുകാർ ആരെങ്കിലും വരണേ) 
ഉള്ളുരുകി പ്രാർത്ഥിച്ചവരായിരിക്കും 
നമ്മൾ 

മിക്കപ്പോഴും 
നമ്മുടെ മുന്നേ പഠിച്ചവരിൽ നിന്നും പകുതി പൈസയ്ക്ക് വാങ്ങിച്ച ആദ്യത്തെയും അവസാനത്തെയും പാഠങ്ങൾ ഇല്ലാത്ത പുസ്തകങ്ങൾ കൊണ്ടാകും ഓരോ അധ്യായവർഷവും തുടങ്ങുന്നത് ,.. 
എല്ലാ വിഷയത്തിനും നോട്ട് ബുക്കൊ,, നല്ലൊരു പേനയോ പോലും പലർക്കും ഉണ്ടാവില്ല.. 
നിബ്ബ് ഒടിഞ്ഞ മഷിപ്പേന കൊണ്ട് എഴുതുമ്പോൾ നോട്ട് ബുക്ക്‌ കീറി പോയിട്ടുമുണ്ടാകും..

മഴക്കാലത്തു തോടുകളിൽ വെള്ളം കൂടിയാൽ സ്കൂളിൽ പോകാൻ പറ്റാത്തത്...
നല്ല വീതി ഉള്ള വാഴയില  കുടയ്ക്ക് പകരം പിടിച്ചു സ്കൂളിൽ പോയത് 
(സ്കൂളിന്റെ അടുത്ത പറമ്പിൽ ഭദ്രമായി സൂക്ഷിച്ചു വെക്കും തിരിച്ചു പോകുമ്പോൾ മഴ ഉണ്ടെങ്കിൽ കൊണ്ട് പോകാൻ )

  അങ്ങനെയൊക്കെയുള്ള അവസ്ഥയിൽ നമ്മൾ വാങ്ങിച്ച, ഒരു മാർക്കിനു പോലും  ഇന്നത്തെ 12 A+ നേക്കാളും വിലയുണ്ട്, മൂല്യമുണ്ട്..

അന്ന് പലരും തോറ്റു പോയത്, ബുദ്ധിക്കുറവുകൊണ്ടല്ല. 
അവരുടെ സാഹചര്യം കൊണ്ടാണ്..

  താരതമ്യം ചെയ്തു നോക്കുമ്പോൾ ഇപ്പോളത്തെ വിജയത്തെക്കാൾ മികച്ചത്, 
പ്രകൃതിയോടും, 
വിശപ്പിനോടും, 
കഷ്ടപ്പാടുകളോടും, സാഹചര്യങ്ങളോടും പടവെട്ടി, നമ്മൾ നേടിയ 210 വിജയം തന്നെയാണ്..

Post a Comment

Previous Post Next Post