Trending

ജാനകിയെന്ന വാക്കില്‍ എന്താണ് നിയമവിരുദ്ധത; ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല: ഹൈക്കോടതി





കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. സംവിധായകര്‍ക്ക് നിര്‍ദേശം നല്‍കുകയാണ് നിങ്ങള്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലായെന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് പറഞ്ഞ കോടതി ഹര്‍ജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്തെന്ന് കഴിഞ്ഞ ദിവസവും ഹര്‍ജി പരിഗണിക്കവേ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. മതത്തെ ബാധിക്കുന്നതാണ് സിനിമയുടെ തലക്കെട്ടെന്ന സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചില്ല. ജാനകി, ഗീത തുടങ്ങിയ പേരുകള്‍ പൊതുവായി ഉപയോഗിക്കുന്നതാണെന്നും ജാനകിയെന്ന പേര് വേണ്ട മറ്റ് പേര് നല്‍കാം എന്നാണോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

നിര്‍മ്മാതാക്കള്‍ക്ക് എന്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കേണ്ടെന്ന റിവൈസിംഗ് കമ്മിറ്റി തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

എന്നാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അഭിഭാഷക വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള.


Post a Comment

Previous Post Next Post