എരുമപ്പെട്ടി (തൃശൂർ): ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് ഫുട്ബാൾ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് പാമ്പുകടിയേറ്റു. എട്ടാം ക്ലാസ് വിദ്യാർഥി ആദൂർ കറുപ്പുംവീട്ടിൽ അജ്മൽ ഷായെ (13) കാലിൽ മുറിവേറ്റ നിലയിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൂട്ടുകാരോടൊത്ത് ഫുട്ബാൾ കളിക്കുന്നതിനിടെ അകലേക്ക് തെറിച്ച പന്തെടുക്കാൻ പോയപ്പോൾ കാലിലൂടെ പാമ്പ് ഇഴഞ്ഞെന്നാണ് കുട്ടി പറയുന്നത്. ക്ലാസ് മുറിയിലെത്തി കാൽ പരിശോധിച്ചപ്പോഴാണ് കടിയേറ്റ അടയാളം കണ്ടത്.
അധ്യാപകർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ല. പ്രാഥമിക രക്തപരിശോധനയിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു