താമരശ്ശേരി: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം പ്രമാണിച്ച് എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്ന പ്രധാനമന്ത്രിയുടെ സന്ദേശം നടപ്പിലാക്കുന്നതിനായി സ്കൂൾ കുട്ടികളിൽ നിന്നും പണം ശേഖരിച്ച് പഞ്ചായത്ത് വഴി കുടുംബശ്രീ മിഷന് ഓർഡർ നൽകിയ ദേശീയ പതാകകൾ ഇതുവരെ ലഭിച്ചില്ല.
ഓരോ പഞ്ചായത്തിലും ആവശ്യമായ പതാകകളുടെ എണ്ണം ശേഖരിച്ചു നൽകുന്ന ചുമതലയായിരുന്നു പഞ്ചായത്തുകൾ വഹിച്ചിരുന്നത്.
നാളെയും മറ്റന്നാളും സ്കൂൾ അവധിയായതിനാൽ ഇന്നുതന്നെ വിദ്യാർത്ഥികൾക്ക് പതാക വിതരണം നടത്തുമെന്നായിരുന്നു അറിയിച്ചരിന്നത്.ആഗസ്റ്റ് 13, 14, 15 തിയ്യതികളിൽ എല്ലാ വീട്ടിലും പതാക ഉയർത്താനായിരുന്നു ആഹ്വാനം.
എന്നാൽ സ്കൂൾ വിടുന്ന സമയം വരെ ഒരിടത്തും പതാക എത്തിയില്ല, നാളെ ലഭിച്ചാൽ ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ എത്തിച്ചു നൽകുക എന്നത് പ്രയോഗികവുമല്ല.
താമരശ്ശേരി ഗവ ഹയർ സെക്കൻറി
സ്കൂളിൽ നിന്നും 30 രൂപ വിലയുള്ള 550 ഓളം പതാകകളാണ് ഓർഡർ ചെയ്തത്.
താമരശ്ശേരി കുടുംബശ്രീ അംഗങ്ങൾ 1250 പതാകകൾ ഓർഡർ നൽകിയിരുന്നു, വിവിധ സ്കൂളുകളിൽ നിന്നും കുടുംബശ്രീ മിഷന് ഓർഡർ നൽകിയത് പതിനായിരത്തിലധികം പതാകകൾക്കാണ്.
20 രൂപ, 25 രൂപ, 30 രൂപ തുടങ്ങി വിവിധ നിരക്കിൽ വിവിധ വലുപ്പത്തിലുള്ള പതാകകൾക്കാണ് ഓർഡർ നൽകിയിരുന്നത്.