മുക്കം:ടാറിങ് പൂർത്തീകരിച്ച് മാസങ്ങൾക്കകം റോഡ് താഴ്ന്നു പോയതോടെ റോഡ് പൊളിച്ച് പുനർ നിർമ്മിക്കുന്നു.
കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിലെ ഓടത്തരു മുതൽ കറുത്തപറമ്പ് വരെയുള്ള ഭാഗത്തുള്ള ടാറിങ് പൊളിച്ചാണ് പുനർനിർമ്മാണം ആരംഭിച്ചത് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന റോഡിലെ എരഞ്ഞുമാവ് - ഓമശ്ശേരി
ഭാഗത്തെ പ്രവർത്തിയിൽ നേരത്തെ തന്നെ വ്യാപക പരാതി ഉയർന്നിരുന്നു ഇതിനു പിന്നാലെയാണ് മാസങ്ങൾക്കു മുമ്പ് ടാർ ചെയ്ത റോഡ് വീണ്ടും പൊളിച്ച് പുനർ നിർമ്മിക്കുന്നത് .
കിലോമീറ്ററിന് നാല് കോടിയിലധികം രൂപ ചെലവിൽ നവീകരിക്കുന്ന കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ റോഡ് പലയിടങ്ങളിലും താഴ്ന്ന് പോയതോടെയാണ് പുനർ നിർമ്മിക്കുന്നതിൻ്റെ ഭാഗമായി റോഡ് പൊളിച്ചു തുടങ്ങിയത്.
തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കൺസ്‌ട്രക്‌ഷൻസിനാണ് റോഡിന്റെ കരാറുകാർ .
കറുത്ത പറമ്പ് മുതൽ ഓടത്തെരുവ് വരെയുള്ള ഭാഗത്തെ പ്രവൃത്തിയാണ് ഇന്ന് ആരംഭിച്ചത്.ജെ.സി.ബി ഉപയോഗിച്ച് റോഡിലെ പുതിയ ടാറിംഗ് പൂർണ്ണമായും പൊളിച്ചുമാറ്റിയാണ് പുനർനിർമ്മാണം .
നേരത്തെ പ്രവൃത്തിക്കെതിരെ വിവിധ കോണുകളിൽ നിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത് ശരി വെക്കുന്നതാണ് നിലവിൽ പലയിടത്തും റോഡിൻ്റെ അവസ്ഥ.
മുക്കം നഗര സഭയിലെ നീലേശ്വരം മുതൽ കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ റോഡ് വരെ പല സ്ഥലങ്ങളിലും റോഡ് താഴ്ന്ന നിലയിലാണ്. കറുത്തപറമ്പിനും മുക്കത്തിനുമിടയിൽ ഓടത്തെരുവിൽ 500 മീറ്ററിനിടെ നിരവധി സ്ഥലങ്ങളിൽ റോഡ് ഒരിഞ്ചോളം താഴ്ന്ന് പോയിട്ടുണ്ട്. കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിന് തൊട്ടു മുന്നിൽ തന്നെ റോഡ് താഴ്ന്ന് പോയിരിക്കുന്നത്.
ഓടത്തെരുവ് അങ്ങാടിയിലെ പ്രധാന വളവിലും റോഡ് താഴ്ന്നത് അപകട ഭീഷണി ഉയർത്തിയിരുന്നു.ഇരുചക്രവാഹന യാത്രക്കാർക്കാണ് എറ്റവുമധികം ഭീഷണിയുള്ളത്.
വലിയ വളവുകളുള്ള പ്രദേശത്ത് റോഡിൻ്റെ താഴ്ന്ന അവസ്ഥമൂലം അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു. റോഡ് താഴ്ന്ന് പോയത് മൂലം ട്രാഫിക് ലൈൻ മാർക്കിങ്ങിലും വ്യത്യാസം വന്നിട്ടുണ്ട്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം നടക്കുന്നത്. കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശേരി, ഓമശ്ശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിർമാണത്തിനാണ് 222 കോടി രൂപയുടെ കരാർ നൽകിയത്. ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി അത്യാധുനിക സൗകര്യങ്ങളോടെയാണ് റോഡിൻ്റെ പുനർനിർമാണം നടക്കുകയെന്നും വ്യക്തമാക്കിയിരുന്നു. കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഡ്രൈനേജുകൾ, ടൈൽ വിരിച്ച ഹാൻ്റ് റെയിലോട് കൂടിയ നടപ്പാതകൾ, പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവൽകരണം, തെരുവുവിളക്കുകൾ തുടങ്ങി അത്യാധുനിക സംവിധാനത്തോടെയാണ് റോഡ് നിർമാണമെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നത്.