Trending

കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടര്‍ മറിഞ്ഞു; തെറിച്ച് വീണ രണ്ടുവയസുകാരന്‍ മരിച്ചു





ആലപ്പുഴ: മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത രണ്ട് വയസുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു.


 പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന്‍ ആദം ജോര്‍ജ് ആണ് മരിച്ചത്. വ്യാഴം ഉച്ചയോടെ ബൈപാസില്‍ കുതിരപ്പന്തി റോഡില്‍ ആയിരുന്നു അപകടം. 



പനി ബാധിച്ച മകനെ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു കുടുംബം. സ്‌കൂട്ടറിന്റെ ഇടതുവശം കൂടി അതിവേഗം വന്ന കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടര്‍ മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമ്മയുടെ മടിയില്‍ ഇരുന്ന ആദം തെറിച്ച് തലയിടിച്ച് റോഡില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അനീഷ എതിരെ വന്ന കാറിന് കൈ കാണിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ക്കുശേഷം വെന്റിലേറ്ററില്‍ ആയിരുന്ന ആദം ഇന്നലെ വൈകിട്ടോടെ ആണ് മരിച്ചത്. 


പോസ്റ്റുമോര്‍ട്ടത്തിനു ശേഷം 2.30ന് ചക്കരക്കടവ് സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കരിക്കും. ഇടത് കൈ ഒടിഞ്ഞ ജോര്‍ജും പരുക്കുകളോടെ അനീഷയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കസ്റ്റഡിയിലെടുത്തതായി സൗത്ത് പൊലീസ് പറഞ്ഞു


Post a Comment

Previous Post Next Post