കൊടുവള്ളി: എം ഡി എം എയുമായി യുവാവ് കൊടുവള്ളി പോലീസിന്റെ പിടിയിലായി. കിഴക്കോത്ത് കരിപ്പിടിപ്പൊയില്‍ കെ പി സിദ്ധീഖ് (35) ആണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ സി ഷാജുവിന്റെ നേതൃത്വത്തില്‍ കൊടുവള്ളി ഗവണ്‍മെന്റ് കോളജിന് സമീപത്തെ മലയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. വാഹനം പരിശോധിച്ചപ്പോള്‍ രണ്ട് ഗ്രാം എം ഡി എം എ യും രണ്ട് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അന്തര്‍ സംസ്ഥാന കുഴല്‍പ്പണം പൊട്ടിക്കല്‍ കേസുകളിലെ പ്രതി ഉള്‍പ്പെടെയാണ് ഓടി രക്ഷപ്പെട്ടതെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. എസ് ഐ കെ സന്തോഷ് കുമാര്‍, എ എസ് ഐ മാരായ ഒ സപ്‌നേഷ്, കെ വി ശ്രീജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ കെ രതീഷ്, ബിജീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ ഷഫീഖ് നീലിയാനിക്കല്‍, ഡ്രൈവര്‍ കെ ജിനീഷ്, ഹോംഗാര്‍ഡ് സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.