Trending

രണ്ടുവയസുകാരിയുടെ കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മാവന്‍; ജീവനോടെ കിണറ്റിലെറിഞ്ഞു

ബാലരാമപുരത്ത് രണ്ടുവയസുകാരിയായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയെ കിണറ്റിലിട്ടത് താനാണെന്ന് അമ്മാവന്‍ സമ്മതിച്ചു.


 കുട്ടിയെ കൊലപ്പെടുത്താന്‍ സഹായിച്ചത് അമ്മയാണോയെന്ന് സംശയിക്കുന്നതായി പോലീസ്.

എന്നാല്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നാണ് അമ്മാവന്‍ ഹരികുമാറിന്റെ മൊഴി. എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുണ്ട്. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നു എന്നാണ് സൂചന. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളിലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാവിലെ അമ്മാവന്‍ ഹരികുമാറിന്റെ കട്ടിലില്‍ തീപിടുത്തമുണ്ടായി. തീപിടിച്ചതിന്റെ കാരണം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.

ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയായ ദേവേന്ദുവിനെ ഇന്ന് രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. തുടക്കം മുതലേ സംഭവത്തില്‍ ദുരൂഹത നിലനിന്നിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകളാണ് മരിച്ച ദേവേന്ദു.

ശ്രീതുവും ശ്രീജിത്തും കഴിഞ്ഞ കുറച്ച് നാളുകളായി അകന്നുകഴിയുകയായിരുന്നു. ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായാണ് ശ്രീജിത്ത് കഴിഞ്ഞദിവസം ഇവരുടെ വീട്ടില്‍ എത്തിയത്. ചടങ്ങില്‍ സംബന്ധിക്കാനെത്തിയ മറ്റ് ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നു.

കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. കുട്ടിയുടെ അമ്മ ശ്രീതു 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ബാലരാമപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കിയിരുന്നു. എന്നാല്‍ പരാതിയില്‍ വ്യക്തതയില്ലാതിരുന്നതിനാല്‍ പോലീസ് കേസ് എടുത്തിരുന്നില്ല

Post a Comment

Previous Post Next Post