താമരശ്ശേരി : കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന അറവ് മാലിന്യ കേന്ദ്രം ചില ഉദ്യോഗസ്ഥരെ വരുതിയിലാക്കി നിയമം കശാപ്പുചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ പറഞ്ഞു. വിഷയത്തിൽ
നിയമസഭാ സമിതി അന്വേഷിച്ച റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കാത്തതിൽ ദുരൂഹതയുണ്ട്. സമിതി റിപ്പോർട്ട് ഉടൻ പുറത്ത് വിടണം. ഫ്രഷ് കട്ട് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ഇരുതുള്ളിപ്പുഴ സംരക്ഷണ ജനകീയ സമര സമിതി അമ്പലമുക്കിൽ നടത്തുന്ന ജനകീയ പ്രക്ഷോഭത്തിൻ്റെ സമരപന്തലിലേക്ക് കരിമ്പാലക്കുന്ന് പ്രദേശവാസികൾ നടത്തിയ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ് ഫ്രഷ് കട്ട്. പണത്തിൻ്റെ ഹുങ്കിൽ ഇനിയും ഇതിന് ഇരകളായ പാവം ജനതയെ ദുരിക്കയത്തിലാക്കാമെന്ന് ഇനിയും കരുതരുത്. ജനകീയ സമിതിയുടെ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് പൂർണ്ണ പിന്തുണ നൽകും. സമര സമിതി ചെയർമാൻ ബാബു കുടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. അബൂബക്കർ മൗലവി, കെ.വി. മുഹമ്മദ്, ഷാഫി വളഞ്ഞ പാറ, വി.കെ. ഇമ്പിച്ചി മോയി, റഫീഖ് കൂടത്തായ്, അബ്ദുൽ ഖഹാർ, ഷാനു കരിമ്പാലക്കുന്ന്
സമര സമിതി ഭാരവാഹികളായ പുഷ്പാകരൻ, കെ.കെ.മുജീബ്, അജ്മൽ, തുടങ്ങിയവർ സംബന്ധിച്ചു.
അടിക്കുറിപ്പ്: ഫ്രഷ് കട്ട് അറവ് മാലിന്യ കേന്ദ്രം അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തുന്ന സമരം 27-ാം ദിവസം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.