താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ഓഫീസിലെ ഫണ്ട് വെട്ടിപ്പിൽ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശ്ശേരി ഏരിയ കമ്മിറ്റിയൂടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.
പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ ആറു ലക്ഷത്തിലധികം വരുന്ന വായ്പാ തിരിച്ചടവ് തുകയാണ് അക്കൗണ്ടിൽ നിക്ഷേപിക്കാതെ വെട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് അറിഞ്ഞിട്ടും അതിന് ഉത്തരവാദികളായ CDS ചെയർപേഴ്സൺ, വൈസ് ചെയർ പേഴ്സൺ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നത്.
മാലിന്യ സംസ്കരണ പദ്ധതിയുടെ യൂസർ ഫീ വെട്ടിപ്പിലും ഇതേ സമീപനമാണ് UDF ഭരണ സമിതി സ്വീകരിച്ചത് എന്നും കുറ്റപ്പെടുത്തി.
തുടർച്ചയായി അഴിമതിക്ക് കൂട്ട് നിൽക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന താമരശേരി പഞ്ചായത്ത് ഭരണ സമിതി രാജിവെക്കണമെന്ന് മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാർച്ച് ജില്ലാ ജോ. സെക്രട്ടറി കെ.ജമീല ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം വി.പി ഇന്ദിര ഷെറീന മജീദ്, സീന സുരേഷ് എന്നിവർ സംസാരിച്ചു. റജി സുധാകരൻ അധ്യക്ഷത വഹിച്ചു.