ആലപ്പുഴ: കരുവാറ്റ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യുവാവും വിദ്യാര്‍ത്ഥിനിയും ട്രെയിന് മുന്നില്‍ ചാടി മരിച്ചു. അധികം ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്ത സ്റ്റേഷനാണ് കരുവാറ്റ റെയില്‍വേ സ്റ്റേഷന്‍. ഇവിടേക്ക് ബൈക്കിലെത്തിയ യുവാവും പെണ്‍കുട്ടിയുമാണ് ട്രെയിന് മുന്നില്‍ ചാടിയത്. ആലപ്പുഴ ഭാഗത്തേക്ക് വരുന്ന തിരുവനന്തപുരം നോര്‍ത്ത് - അമൃത്സര്‍ എക്‌സപ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്.
മരിച്ച ശ്രീജിത്തും(38) വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയും(17) കരുവാറ്റയിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെത്തി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അസ്വാഭാവികത തോന്നിയിരുന്നു. സമീപത്തുണ്ടായിരുന്ന ഗേറ്റ് കീപ്പര്‍ ഇരുവരെയും ശ്രദ്ധിച്ചിരുന്നു. ട്രെയിൻ വരുന്നത് കണ്ടിട്ടും ഇരുവരും മുന്നോട്ട് നീങ്ങുന്നത് കണ്ടപ്പോള്‍ അപകടം മനസിലാക്കിയ ഗേറ്റ് കീപ്പര്‍ ചാടല്ലേയെന്ന് വിളിച്ച് പറഞ്ഞു. എന്നാൽ ഇരുവരും ഇത് കേൾക്കാതെ ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു
വലിയ വളവുകളൊന്നുമില്ലാത്ത റെയില്‍ പാളമാണ് കരുവാറ്റയിലുള്ളത്. അതിനാൽ ട്രെയിന് വരുന്നത് കണ്ടിട്ട് തന്നെയാവാം ഇരുവരും ചാടിയത് എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.മരിച്ച ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. എന്നാല്‍ മരണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം നടന്നു വരികയാണ്.