താമരശ്ശേരി:
കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത താഴ്ന്നുപോയത് സംബസിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനു നൽകിയ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ക്വാളിറ്റി കൺട്രോൾ ജില്ലാ മേധാവി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം താമരശ്ശേരി മുതൽ മുക്കം വരെയുള്ള ഭാഗത്ത് പരിശോധന നടത്തി. നവീകരണ പ്രവർത്തിയിലെ അപാകതകൾ നേരിട്ടു കണ്ട് ബോധ്യപ്പെട്ട സംഘം ഉടൻ റിപ്പോർട്ട് തയ്യാറാക്കി മന്ത്രിക്ക് നൽകുമെന്ന് അറിയിച്ചു.
മജീദ് താമരശ്ശേരിയാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.
പരാതിയിൽ പറഞ്ഞ കാര്യമിതാണ്:
കൊയിലാണ്ടി -താമരശ്ശേരി - മുക്കം സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി സംസ്ഥാന സർക്കാർ 228 കോടിയോളം രൂപയാണ് KSTP വഴി ചിലവഴിച്ചത്. ശ്രീധന്യ കൺസ്ട്രക്ഷൻ എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തത്. പണി പൂർത്തീകരിച്ചിട്ട് കേവലം ഒരു വർഷം മാത്രമാണ് പിന്നിട്ടത്.
ഈ റോഡിൽ മുക്കം ഭാഗത്ത് നിന്നും താമരശ്ശേരി കൊയിലാണ്ടി ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ റോഡിൻ്റെ ഇടതുഭാഗം പൂർണമായും (അതായത് ചരക്ക് ലോറികൾ പോകുമ്പോൾ അതിൻ്റെ വീൽ പതിയുന്ന ഭാഗം) താഴ്ന്ന അവസ്ഥയിലാണ്. ഇതു മൂലം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ പുളയുകയും, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.
റോഡുപണിയിലെ അപാകത മൂലമാണ് ഇത്തരത്തിൽ ചരക്കു വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്ന് പോയത്.
ഇതു സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തി ക്രമക്കേട് നടത്തിയവർക്കെതിരെയും, മേൽനോട്ട ചുമതലയുള്ള KSTP ഉദ്യോഗസ്ഥർക്കെതിരെയും ആവശ്യമായ നടപടി കൈക്കൊള്ളണമെന്നായിരുന്നു പരാതി.
ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
റോഡിൽ നിന്നും വെള്ളം അഴുക്ക് ചാലിലേക്ക് ഒഴുകാതെ കെട്ടിക്കിടക്കുന്നു എന്ന മുക്കം ഗോതമ്പ് റോഡ് സ്വദേശി ഫൈസലിൻ്റെ പരാതിയിലും പരിശോധന നടത്തി.
KSTP അസി.എഞ്ചിനിയറേയും, കരാർ കമ്പനി ഉദ്യോഗസ്ഥരേയും വിജിലൻസ് സംഘം വിളിച്ചു വരുത്തിയിരുന്നു.