കേണൽ സോഫിയ ഖുറേഷിക്കെതിരായി മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ അധിക്ഷേപം നടത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കോടതി നിയോഗിച്ചു. ഖുറേഷിക്കെതിരെ നടത്തിയത് അംഗീകരിക്കാൻ ആകാത്ത പരാമർശമെന്നും കോടതി വിമർശിച്ചു. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം എന്നും സുപ്രീം കോടതി പറഞ്ഞു.
ഖേദപ്രകടനം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണത്തിനായി മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ നിയോഗിച്ചു. അതിൽ ഒരു വനിതാ ഉദ്യോഗസ്ഥ ഉണ്ടായിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
നാളെ രാവിലെ 10 മണിക്ക് മുൻപേ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണം. ഇവരെല്ലാവരും മധ്യപ്രദേശിന് പുറത്തു നിന്ന് ആയിരിക്കണം. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കുവാനും നിർദ്ദേശമുണ്ട്. അതുവരെ വിജയ് ഷായുടെ അറസ്റ്റ് പാടില്ലെന്നും കോടതി പറഞ്ഞു.
‘ഭീകരവാദികളുടെ സഹോദരി’ എന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ സോഫിയ ഖുറേഷിയെ പരോക്ഷമായി വിമർശിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ തിരിച്ചടിയിൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നതിനിടയിലാണ് വിജയ് ഷാ വിവാദ പരാമർശം നടത്തിയത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം.
ഇതിന്റെ വിഡിയോ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വൈറലായത്. ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പ്രധാനമന്ത്രി പാകിസ്ഥാനിലുള്ള ഭീകരരുടെ അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ അയച്ചെന്നായിരുന്നു ഷായുടെ പ്രസ്താവന.
ഇന്ത്യൻ സൈന്യത്തിൽ മികച്ച റെക്കോർഡുള്ള കേണൽ ഖുറേഷി, സൈനിക പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങിനുമൊപ്പമാണ് ന്യൂഡൽഹിയിൽ കേണൽ ഖുറേഷി പത്രസമ്മേളനങ്ങൾ നടത്തിയത്.