താമരശ്ശേരി: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 'ശോഭീന്ദ്ര വനം' പദ്ധതി നടപ്പിലാക്കുന്നു.
സ്കൂളുകൾ, റസിഡൻസ് അസോസിയേഷനുകൾ, പൊതു ഇടങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണ് ഇത്.
ഇതിനായി സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ നിർവഹിച്ചു.
ശോഭീന്ദ്രവനം കോഡിനേറ്റർ ബിനീഷ് താമരശ്ശേരി അധ്യക്ഷനായി. ഫൗണ്ടേഷൻ ജോയിൻ്റ് സെക്രട്ടറി സരസ്വതി ബിജു, പ്രിയേഷ് വാസുദേവൻ, എ കെ ഗ്രിജീഷ്, ഡോ. കെ അബ്ബാസ്, പ്രജീഷ് താമരശ്ശേരി, കെ കെ ഷാജൻ, ടി കെ രാഹുൽ തുടങ്ങിയവർ സംസാരിച്ചു. കൂടത്തായി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് ഹൈസ്കൂൾ, ശ്രീരാമകൃഷ്ണ മിഷൻ എൽപി സ്കൂൾ പന്നിയങ്കര, മങ്ങാട് എ യു പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളും, 'അന്വേഷകരും യാത്രകളും' സാംസ്കാരിക കൂട്ടായ്മ, സത്യസായി സേവാസമിതി, റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, ക്ഷേത്രങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ തുടങ്ങിയവരും വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളുടെ വളർച്ച സൂചിപ്പിക്കുന്ന ഫോട്ടോകൾ നിശ്ചിത ഇടവേളകളിൽ പങ്കുവെക്കാനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ജൂൺ 3ന് കുറ്റ്യാടി വെച്ചും നാലിന് കോഴിക്കോട് വെച്ചും വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നുണ്ട്.