താമരശ്ശേരി: ഒരുസംഘം വിദ്യാർത്ഥികൾ ഷഹബാസിനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു. 62 പേരടങ്ങുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ ചാറ്റു വിവരങ്ങളും, ഇതിനായി ഉപയോഗിച്ച ഫോണുകളും തിരിച്ചറിഞ്ഞു. ആദ്യം സംഘർഷം നടന്ന സ്വകാര്യ ട്യൂഷൻ സെൻ്ററിനു സമീപത്തു നിന്ന് ലഭിച്ചതു കൂടാതെ ഷഹബാസിനെ മർദ്ദിച്ച ശേഷം സംഘം താമരശ്ശേരിയിലെ ഒരു മാളിന് സമീപം കേന്ദ്രീകരിച്ചു നിൽക്കുന്നതും, വീണ്ടും എതിർ ചേരിയിൽ ഉള്ളവരെ മർദ്ദിക്കാൻ കോപ്പുകൂട്ടുന്നതും, ഇത് ശ്രദ്ധയിൽപ്പെട്ട മാൾ ജീവനക്കാർ സംഘത്തെ അവിടെ നിന്ന് ഓടിക്കുന്നതും പോലീസിന് ലഭിച്ച CC tv ദൃശ്യങ്ങളിലുണ്ട്.
ആദ്യ സംഘർഷത്തിന് ശേഷം ഷഹബാസിനെ വൈകീട്ട് 6.42 ഓടെ സൃഹൃത്ത് തൻ്റെ സ്കൂട്ടറിൽ ഷഹബാസിൻ്റെ വീടിനു സമീപം ഇറക്കിവിട്ടിരുന്നു. ഇതിനു ശേഷമാണ് താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളായ പത്തോളം പേർ വീണ്ടും മാളിനു പരിസരത്ത് സംഘടിച്ചത്. വൈകീട്ട് 6.50 ഓടെയായിരുന്നു ഇത്.
വളരെ വ്യക്തമായ CC tv ദൃശ്യങ്ങളാണ് ഇവിടെ നിന്നും പോലീസ് ശേഖരിച്ചത്. താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും കറുത്ത ഷർട്ട് ധരിച്ചായിരുന്നു സംഭവ ദിവസം എത്തിയിരുന്നത്.
പോലീസ് കണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ വിദഗ്ദ പരിശോധനക്ക് അയക്കും.